തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജ്മെന്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദേശം നല്കുമെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞു.
സംഭവത്തിൽ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൽ, മാനേജ്മെന്റ് എന്നിവരെല്ലാം കുറ്റക്കാരാണ്. പോലീസ് അന്വേഷണം നടക്കുന്നുണ്ട്. വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മാനേജ്മെന്റിന് നോട്ടീസ് നൽകും. കെഎസ്ഇബിയുടേയും വിദ്യാഭ്യാസവകുപ്പിന്റെയും വീഴ്ച പരിശോധിക്കുന്നുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നടപടി ഇന്നുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.